നെടുങ്കണ്ടം: സാമൂഹിക സന്നദ്ധസേവന സംഘടനയായ വൊസാർഡിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി കുഴിത്തൊളു ദീപ ഹൈസ്കൂളിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. വൊസാർഡ്, കരുണാപുരം സൗഹൃദ വയോജന ഫെഡറേഷൻ, തണ്ടാശേരിൽ വിദ്യാധരൻ സ്മാരക ലൈബ്രറി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വയോജന ദിനാചരണം സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.പി. കൊച്ചറയുടെ പതിനഞ്ചാമത്തെ നോവലായ "ഞാൻ മടങ്ങിവരും' എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ദീർഘായുസ് വർധിപ്പിക്കുന്ന സാഹചര്യത്തിൽ വയോജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനും സമൂഹത്തിന് ഗുണകരമാക്കാനുമുള്ള ചിന്തകൾക്കാണ് ലോകാരോഗ്യ സംഘടന ഈ വർഷം പ്രാധാന്യം നൽകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആന്റണി സിഎംഐ പറഞ്ഞു.
22 വയോജന സംഘങ്ങളുടെ കൂട്ടായ്മയിൽനിന്ന് 300 പേർ പങ്കെടുത്തു. സൗഹൃദ വയോജന ഫെഡറേഷൻ പ്രസിഡന്റ് സുനിൽ പൂതക്കുഴി അധ്യക്ഷത വഹിച്ചു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. വിനു മുതിർന്ന വയോജനങ്ങളെ ആദരിച്ചു.
ഫാ. നിക്സൺ ഏനാമറ്റത്ത് സിഎംഐ, രാജേന്ദ്രൻ, ഫാ. തോമസ് കപ്യാങ്കൽ, ഷിന അനിൽ, മെംബർമാരായ പുഷ്പവല്ലി, ലതാകുമാരി, മഞ്ജു റെജി, മെർലിൻ ടോമി, അഗസ്റ്റിൻ കൂറുമണ്ണ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.